
വാഷിംഗ്ടൺ: മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പ്രസ്താവന പ്രകോപനമായി. റഷ്യയ്ക്കടുത്തായി രണ്ട് ആണവ അന്തർ വാഹിനി കപ്പലുകൾ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിയായ ഉത്തരവ് ട്രംപ് നൽകിയത്. റഷ്യയുമായി അകൽച്ചയിൽ ആയിരിക്കുന്ന സമയത്താണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. സോവിയറ്റ് യൂണിയൻ കാലത്തെ ആണവ ശേഷി റഷ്യയ്ക്കുണ്ടെന്നായിരുന്നു ദിമിത്രി മെദ്വദേവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അമേരിക്കയും റഷ്യയും തമ്മിൽ യുദ്ധ സമാന അന്തരീക്ഷമുണ്ടായാൽ ആണവ സജ്ജമാണ് റഷ്യ എന്ന് ഓർമ്മിപ്പിക്കാനായി ആയിരുന്നു ദിമിത്രി മെദ്വദേവിന്റെ പ്രതികരണം.
റഷ്യയുമായുള്ള അമേരിക്കയുടെ അകൽച്ച സൈനിക തലത്തിൽ അല്ലെങ്കിലും മറ്റൊരു തലത്തിൽ വ്യക്തമാക്കുന്നതാണ് ട്രംപിന്റെ നീക്കമെന്നാണ് സുരക്ഷാ നിരീക്ഷകരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയെ ആക്രമിക്കാൻ സജ്ജമായ ആണവ ശേഷിയുള്ള അന്തർവാഹിനികൾ അമേരിക്കയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ നടപടി. വ്യാഴാഴ്ചയാണ് ദിമിത്രി മെദ്വദേവ് ട്രംപിന്റെ പ്രകോപിപ്പിക്കുന്ന പ്രസ്താവന നടത്തിയത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പോടെയാണ് ആണവ അന്തർവാഹിനികളെ റഷ്യയ്ക്ക് സമീപത്തേക്ക് അമേരിക്ക എത്തിക്കുന്നത്.
സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലും അസാധാരണ നീക്കത്തിന് പ്രേരിപ്പിച്ചത് ദിമിത്രി മെദ്വദേവിന്റെ വാക്കുകളാണെന്ന് ട്രംപ് വിശദമാക്കുന്നുണ്ട്. വാക്കുകൾ ഏറെ പ്രധാനമാണ്, വാക്കുകൾ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ട്രംപ് സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ വിശദമാക്കുന്നുണ്ട്. അമേരിക്ക രാജ്യത്തെ ആളുകളെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നാണ് പിന്നീട് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ട്രംപിന്റെ ഉത്തരവ് അനുസരിച്ച് ആണവ അന്തർ വാഹിനികളെ റഷ്യൻ മേഖലയിലേക്ക് എത്തിച്ചോയെന്നതിൽ പെന്റഗൺ പ്രതികരിച്ചിട്ടില്ല. ഇത്തരത്തിൽ തങ്ങളുടെ ആയുധങ്ങളുടെ കൃത്യ സ്ഥാനം വിശദമാക്കുന്ന പതിവ് അമേരിക്കയ്ക്ക് പതിവുള്ളതല്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈൻ റഷ്യ യുദ്ധത്തിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാത്തതിനേ തുടർന്നാണ് വ്ലാദിമിർ പുടിനോട് ട്രംപ് ഇടയുന്നത്. മൂന്ന് വർഷത്തിലേറെ യുദ്ധം നീണ്ട സാഹചര്യത്തിലായിരുന്നു പുടിനുമായി ട്രംപ് വെടിനിർത്തൽ കരാറിലേർപ്പെടാൻ ആവശ്യപ്പെട്ടത്. നേരത്തെ 12 ദിവസത്തിനുള്ളിൽ സാമ്പത്തിക പിഴ ചുമത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണമുണ്ടായത്.
ലഭ്യമാകുന്ന കണക്കുകള്‍ അനുസരിച്ച് അമേരിക്കയേക്കാൾ ആണവ അന്തര്‍വാഹിനികൾ റഷ്യയ്ക്കുണ്ട്. അമേരിക്കയ്ക്ക് 14 ഓഹിയോ ക്ലാസ് ആണവ അന്തര്‍വാഹനികളാണ് ഉള്ളത്. ഓരോ അന്തര്‍വാഹിനികള്‍ക്കും 4600 മൈല്‍ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ സാധിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ സാധിക്കുന്നവയാണ്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈലുകൾ. എന്നാല്‍ 54 ആണവ അന്തര്‍വാഹിനികളാണ് റഷ്യയുടെ പക്കലുള്ളത്. എന്നാൽ ക്രെംലിൻ ദിമിത്രി മെദ്വദേവിനെതിരെ വായിൽ തോന്നിയത് പറയുന്നുവെന്ന വിമർശനമാണ് നടത്തിയിട്ടുള്ളത്.
