കോട്ടയം: മുൻ മന്ത്രിയും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ.എൻ.എം.ജോസഫ് (79) അന്തരിച്ചു. ഇന്ന് പുലർച്ചെ പാലാ മരിയൻ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് പാലാ കടപ്പാട്ടൂരിലെ വസതിയിൽ എത്തിക്കും. ശവസംസ്കാരം നാളെ.
1943 ഒക്ടോബർ 18-ന് ജോസഫ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ജനിച്ചു. അറിയപ്പെടാത്ത ഏടുകൾ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർവകലാശാല സെനറ്റ് അംഗം, പാലാ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. 1987-91 കാലത്ത് കേരള മന്ത്രിസഭയിൽ വനം മന്ത്രിയായി. പി.സി. ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നാണ് നിയമസഭയിൽ എത്തിയത്. മന്ത്രിയായിരുന്ന എം.പി.വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലാണ് മന്ത്രിസഭയിൽ എത്തിയത്.