
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയായ കെ ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി. ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെയാണ് സിപിഎം പുറത്താക്കിയത്. ഉള്ളൂരില്‍ കെ ശ്രീകണ്ഠൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠൻ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം ഉയർത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായ ശ്രീകണ്ഠൻ, ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫാണ്.
അതേസമയം, തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുമെന്ന് കെ ശ്രീകണ്ഠന് വ്യക്തമാക്കി. പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു ശ്രീകണ്ഠൻ വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്. താൻ അടിമുടി പാർട്ടിക്കാരനാണെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പാർട്ടിക്ക് നടപടി തിരുത്തേണ്ടിവരുമെന്നും ശ്രീകണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനം നിലനിർത്താൻ ലക്ഷ്യമിടുന്ന എൽഡിഎഫിന് തിരിച്ചടി. വിമത സ്വരമുയർത്തി രണ്ട് സിപിഎം പ്രാദേശിക നേതാക്കളാണ് രംഗത്തെത്തിയത്. ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമാണ് വിമത നീക്കം. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് വിമത സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് സിപിഎം പ്രാദേശിക നേതാക്കൾ രംഗത്ത് വന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആനി അശോകനും മുൻ ബ്രാഞ്ച് സെക്രട്ടറി കെവി മോഹനനുമാണ് വിമതരായി മത്സരിക്കാൻ ഒരുങ്ങുന്നത്. ഉള്ളൂരിലും പാർട്ടി അംഗം സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കും.


