കൊച്ചി: വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കെ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും കെ വിദ്യ കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനാല് ദിവസമായി മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ ഒളിവിലാണ്.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കലിംഗ സർവകലാശാല. നിഖിലിന്റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുകയാണ്. കേരളസർവകലാശാലയുടെ ഔദ്യോഗിക കത്തിന് മറുപടി നൽകുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി. നിഖിൽ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്നായിരുന്നു സർവ്വകലാശാല അധികൃതരുടെ വെളിപ്പെടുത്തൽ. അതിനാൽ നിഖിലിന്റെ വിവരങ്ങള്‍ സര്‍വകാലാശാലക്ക് അറിയില്ല, ഈ പച്ചത്തലത്തിൽ വിലാസം അടക്കം വിശദാംശങ്ങളാണ് സർലകലാശാല ലീഗിൽ സെൽ ശേഖരിക്കുന്നത്. നിയമനടപടിയുടെ ഭാഗമായി അഭിഭാഷകരുമായി കൂടികാഴ്ച്ച നടത്തിയെന്ന് സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി.