മനാമ: ‘ഫോർഎവർ ഗ്രീൻ’ കാമ്പെയ്നിലൂടെ റസിഡൻഷ്യൽ ഏരിയകൾ, സ്കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ബഹ്റൈൻ അതിന്റെ ഹരിത ഇടങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. ദേശീയ കാർഷിക വികസന പദ്ധതിയുടെ ഭാഗമായി 50,000-ലധികം ‘തണൽ മരങ്ങളും’ കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദേശവ്യാപക പ്രചാരണം നല്ല രീതിയിൽ പുരോഗമിക്കുന്നു. ‘ഫോർഎവർ ഗ്രീൻ’ കാമ്പെയ്നിന്റെ ഭാഗമായി അന്താരാഷ്ട്ര ബാങ്കുകളുടെ ദിനത്തോട് അനുബന്ധിച്ച് ബഹ്റൈൻ അസോസിയേഷൻ ഓഫ് ബാങ്ക്സ് സെൻട്രൽ മാർക്കറ്റിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. ബഹ്റൈനിലെ പരിസ്ഥിതി സംരക്ഷണ സംരംഭങ്ങൾക്ക് സാമ്പത്തിക, ബാങ്കിംഗ് മേഖല നൽകുന്ന സംഭാവനയുടെ സ്വാധീനം പരമാവധി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മൊത്തം 21,000 ബഹ്റൈൻ ദിനാർ ചെലവിൽ ആണ് സെൻട്രൽ മാർക്കറ്റ് വനവൽക്കരണ പദ്ധതി നടപ്പിലാക്കുക. ഉപഭോക്താക്കൾക്കും പൊതുവെ ബഹ്റൈനിലെ കാലാവസ്ഥയ്ക്കും വേണ്ടി താപനിലയെ തണുപ്പിക്കുകയും പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് വായു ശുദ്ധീകരിക്കുകയും ചെയ്യുന്ന തരത്തിലാണ് തണൽ മരങ്ങൾ നട്ടുപിടിപ്പിച്ചത്. തൈകൾ നട്ടുപിടിപ്പിച്ച ചടങ്ങിൽ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ഗവർണർ റഷീദ് മുഹമ്മദ് അൽ മരാജ് , നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സെക്രട്ടറി ജനറൽ ശൈഖ മാരാം ബിൻത് ഈസ അൽ ഖലീഫ, ബഹ്റൈൻ അസോസിയേഷൻ ഓഫ് ബാങ്ക്സ് ബോർഡ് ചെയർമാൻ അദ്നാൻ അഹമ്മദ് യൂസിഫ്, സംരംഭം സ്പോൺസർ ചെയ്യുന്ന സിഇഒമാർ എന്നിവർ പങ്കെടുത്തു.
20 ബാങ്കുകൾ സംയുക്തമായിട്ടാണ് അക്കേഷ്യ, ഫിക്കസ് മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഈ സംരംഭത്തിൽ സഹകരിക്കുന്നത്. 2060-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുമെന്ന ബഹ്റൈന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ കാമ്പെയ്ൻ. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (എൻഐഎഡി) ആരംഭിച്ച ഫോറെവർ ഗ്രീൻ കാമ്പയിൻ, കാലാവസ്ഥാ സംരക്ഷണത്തിനായി പ്രാദേശികമായും അന്തർദേശീയമായും ബഹ്റൈൻ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. പ്രാദേശികമായും ആഗോളതലത്തിലും പാരിസ്ഥിതിക പ്രശ്നങ്ങളെ പിന്തുണയ്ക്കുന്നതിൽ ബഹ്റൈന്റെ സംഭാവനകൾ ഉയർത്തുകയാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.