കൊച്ചി: വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്ന് ഒരുകിലോ ഹെറോയിൻ പിടികൂടി. ഷാർജയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ആഫ്രിക്കൻ വനിതയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് ഡി ആർ ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ്) നടത്തിയ പരിശോധനയിലാണ് സംഭവം.ഇന്ന് പുലർച്ചെ 3.10ന് ഷാർജയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് യുവതി എത്തിയത്. കെനിയയിൽ നിന്ന് ഷാർജ വഴി കൊച്ചിയിലെത്തിയതെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഡി ആർ ഐ പുറത്തുവിട്ടിട്ടില്ല.രണ്ടാഴ്ച മുൻപ് കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിലായിരുന്നു. 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മാലിദ്വീപ് സ്വദേശി യൂസുഫ് ഫൗദിലിൽ പിടിയിലായത്. ഇയാളിൽ നിന്ന് 325 ഗ്രാം ആംഫെറ്റമിൻ എന്ന മയക്കുമരുന്ന് സി ഐ എസ് എഫ് പിടികൂടുകയായിരുന്നു. ഇവ 33 കാപ്സ്യൂളുകളാക്കി തുടയിൽ കെട്ടിവച്ച നിലയിലായിരുന്നു.അഫ്ഗാനിൽ നിന്ന് കടൽമാർഗം കൊണ്ടുപോകുകയായിരുന്ന വൻ ലഹരിശേഖരവും അടുത്തിടെ കൊച്ചിയിൽ പിടികൂടിയിരുന്നു.
12000 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് എൻ ബി സിയുടെയും നേവിയുടെയും സംയുക്ത പരിശോധനയിലാണ് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.