മനാമ: ബഹ്റൈനിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവക്ക് വിദേശകാര്യ മന്ത്രാലയം യാത്രയയപ്പ് നൽകി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അദ്ദേഹത്തെ സ്വീകരിച്ചു. ബഹ്റൈനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് അംബാസഡർ നടത്തിയ ശ്രമങ്ങളെ മന്ത്രി പ്രത്യേകം പ്രശംസിച്ചു. അദ്ദേഹത്തിന്റെ പുതിയ നിയമനത്തിൽ എല്ലാ വിജയങ്ങളും മന്ത്രി ആശംസിച്ചു. ഇന്ത്യൻ അംബാസഡർ തനിക്ക് നൽകിയ പിന്തുണയ്ക്ക് വിദേശകാര്യ മന്ത്രിക്കും ബഹ്റൈനിലെ എല്ലാ ഉദ്യോഗസ്ഥർക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു.
ബഹ്റൈനിലെ ജോർഡൻ അംബാസഡർ റാമി സാലിഹ് വരീകാത് അൽ അദ്വാൻ, മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ അക്കാദമി ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. ഷൈഖ മൗനീറ ബിൻത് ഖലീഫ ആൽ ഖലീഫ, വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗം തലവൻ സലാഹ് മുഹമ്മദ് ശിഹാബ്, ഏഷ്യ, പസിഫിക് വിഭാഗം മേധാവി ഫാത്തിമ അബ്ദുല്ല അൽ ദ്ദാഇൻ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.