
മനാമ: ബഹ്റൈനില്‍ വിദേശ തൊഴിലാളികളെ നിര്‍ബന്ധിച്ച് വിവിധ ജോലികള്‍ ചെയ്യിച്ച കേസില്‍ രണ്ടു പേര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 1,000 ദിനാര്‍ വീതം പിഴയും വിധിച്ചു. പ്രതികളില്‍ വിദേശി വനിതയായ സ്ത്രീയെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.
വിദേശത്തുനിന്ന് കൊണ്ടുവന്ന തൊഴിലാളികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാഗ്ദാനം ചെയ്തതില്‍നിന്ന് വ്യത്യസ്തമായ ജോലികള്‍ ദീര്‍ഘനേരം ചെയ്യിക്കുകയും കൃത്യമായി ശമ്പളം നല്‍കാതിരിക്കുകയും ചെയ്തു എന്നാണ് ഇവര്‍ക്കതിരായ കേസ്.
പരാതി ലഭിച്ച ഉടന്‍ പബ്ലിക് പ്രോസിക്യൂഷന് നടപടി സ്വീകരിക്കുകയും ഇരകളുടെ മൊഴിയെടുക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തു. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കേസെടുത്ത് കോടതിക്ക് കൈമാറിയത്.
