മനാമ: ബഹ്റൈൻ മലയാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ രൂപീകരിച്ച കെ എഫ് എ ബഹ്റൈൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊറോണ എന്ന മഹാമാരിയുടെ നീണ്ട ഇടവേളയ്ക്കു ശേഷം ബഹ്റൈനിലെ ആരോഗ്യവകുപ്പിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കിയ കളിക്കാർക്ക് മാത്രമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 29, 30 തിയ്യതികളിൽ സിഞ്ച് അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ വച്ച് വളരെ വിജയകരമായി നടന്നു.
പരിമിതമായ സാഹചര്യത്തിലും 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ആവേശം നല്കിയ മത്സരങ്ങൾ നിറഞ്ഞതായിരുന്നു. നിശ്ചിത സമയത്ത് സമനിലയിൽ ആയ ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ യൂത്ത് ഇന്ത്യ എഫ് സി 1.0 നു അദ്ലിയ എഫ് സിയെ പരാജയപ്പെടുത്തി.

ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരൻ ആയി യൂത്ത് ഇന്ത്യ എഫ് സിയുടെ സലീൽ , ഏറ്റവും കൂടുതൽ ഗോൾ വേട്ട നടത്തിയതിനു അദ്ലിയ എഫ് സിയുടെ താഹിർ, മികച്ച ഗോൾ കീപർ ആയി യൂത്ത് ഇന്ത്യ എഫ് സിയുടെ മുജീബ് റഹ്മാൻ എന്നിവരെ തിരഞ്ഞെടുത്തു. ഫുട്ബോളിലെ സൗന്ദര്യവും, ആരോഗ്യവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ എഫ് എ ബഹ്റൈൻ നൽകുന്ന ഫെയർ പ്ലേ അവാർഡ് ബ്രോദേഴ്സ് സോക്കർ ക്ലബ് നേടി.
ആവേശോജ്ജ്വലമായ ടൂർണമെന്റിന് നേതൃത്വം നൽകിയത് കെ എഫ് എ ബഹ്റൈൻ അമരക്കാരായ പ്രസിഡന്റ് ഉബൈദ് പൂമംഗലം, വൈസ് പ്രസിഡന്റുമാരായ റഫീഖ്, വിജീഷ്, ജനറൽ സെക്രട്ടറി കൃഷ്ണദാസ്, ജോയിന്റ് സെക്രെട്ടറിമാരായ അബ്ദുൾ ജലീൽ, നൗഫൽ കുട്ടഞ്ചേരി, ട്രഷറർ റസാഖ് വല്ലപ്പുഴ, മെമ്പർഷിപ് കോർഡിനേറ്റർ തസ്ലിം തെന്നാടൻ എന്നിവരും കെ എഫ് എ ബഹ്റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നാണ്.
