കൊച്ചി: പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 27 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. നോർത്ത് പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ് വിവരം. അന്വേഷണത്തിന് വിധേയമായി ഹോട്ടൽ നഗരസഭ അടച്ചുപൂട്ടി.
ഭക്ഷ്യവിഷബാധയേറ്റവരിൽ ഒമ്പത് പേർ കുന്നുകര എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളാണ്. ഛർദ്ദിയും വയറുവേദനയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെയാണ് ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും മറ്റ് വസ്തുക്കളും കഴിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി അധികൃതർ നഗരസഭയെ വിവരമറിയിച്ചത്.
ഹെൽത്ത് സൂപ്പർവൈസർ ആർ.ബിനോയിയുടെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യ വിഭാഗമാണ് ഹോട്ടൽ അടച്ചുപൂട്ടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ഹോട്ടലിലേക്ക് പോയിട്ടുണ്ടെന്നും നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതി പറഞ്ഞു.