മനാമ: ബഹ്റൈൻ ഭക്ഷ്യമേളയുടെ ആറാം പതിപ്പിന് ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിൽ തുടക്കമായി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭക്ഷ്യമേള ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ.നാസർ ഖ്വയ്ദി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 120ഓളം റെസ്റ്റോറന്റുകളിലെ പാചക വിദഗ്ധരുടെ വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുള്ളത്.
വിപുലമായ പരിപാടികളാണ് ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. വ്യത്യസ്ത രുചികളിലും ദേശങ്ങളിൽ നിന്നുള്ള ഭക്ഷ്യ വിഭവങ്ങളുടെ ലൈവ് കുക്കിംഗ് സ്റ്റേഷനുകളും, സന്ദർശകർക്കായി സംഗീത നൃത്ത വിനോദ പരിപാടികളും, റാഫിൽ ഡ്രോ മത്സരങ്ങളും ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന സംഗീത, കലാപരിപാടികൾ അവതരിപ്പിക്കുന്ന ബഹ്റൈൻ കലാകാരന്മാരും ഇതിൽ ഉൾപ്പെടുന്നു.
നിരവധി പ്രശസ്ത ബഹ്റൈനി ഷെഫുകൾ പൊതുജനങ്ങൾക്ക് മുന്നിൽ വിവിധ തരത്തിലുള്ള പാചകരീതികൾ തയ്യാറാക്കുകയും പാചകം ചെയ്യുകയും ചെയ്യുന്നത് ഈ വർഷത്തെ ഭക്ഷ്യമേളയുടെ മറ്റൊരു പ്രത്യേകതയാണ്. ഏപ്രിൽ ഒന്നിന് ഭക്ഷ്യമേള അവസാനിക്കും.
