ന്യൂയോർക്ക്: നിരാലംബരും, നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും, അവരുടെ ഉന്നമനത്തിനായി കാരുണ്യ സേവന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാലം ചെയ്ത വാർത്ത വളരെ ദുഃഖത്തോടും മനസ്താപത്തോടൂമാണ് ലോകം സ്രവിക്കൊണ്ടത്. മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.
സഭയുടെ ദൈനംദിന ചുമതലകളിലും, പള്ളിയുടെ കാര്യക്ഷമമായ നടത്തിപ്പിലും വനിതകൾക്ക് പ്രാതിനിധ്യം നൽകിയ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനമായ ചുവട് വെയ്പ്പ് അദ്ദേഹത്തിന്റെ തിരുമാനമായിരുന്നു. മാത്രമല്ല, സ്ത്രീകൾക്ക് ഇടവകകളിൽ വോട്ടവകാശം നൽകിയതും അദ്ദേഹമെടുത്ത ധീരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു.
പുരോഗമന വാദിയും, അശരണരുടെ കൂടെപ്പിറപ്പും അവരുടെ അപ്പോസ്തലനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫോമയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും ജൂലൈ 19 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാത്രി 9 മണിക്ക് അനുസ്മരണ സമ്മേളനം ചേരുന്നു. അമേരിക്കയിലും ഇന്ത്യയിലുമുള്ള നിരവധി പ്രമുഖർ അനുസ്മരണ സമ്മേളനത്തിൽ പങ്കു ചേരും.
എല്ലാ സുമനസ്സുകളും ഫോമായുടെ നേതൃത്വത്തിൽ നടത്തുന്ന അനുസ്മരണ സമ്മേളത്തിൽ പങ്കു ചേരാൻ ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: സലിം ആയിഷ (ഫോമാ പി ആർ ഓ)