മനാമ: ഇന്ത്യൻ സ്കൂളിൽ ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിനു ഇന്ന് (വെള്ളിയാഴ്ച) തുടക്കമാകും. വൈകീട്ട് 6.30ന് ഇസ ടൗൺ കാമ്പസിലെ അത്ലറ്റിക് ഗ്രൗണ്ടിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മത്സരം ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്. ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ന്റെ ഭാഗമായാണ് ടൂർണമെന്റ് നടക്കുന്നത്.
പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് ശേഷം പ്രദർശന മത്സരവും നടക്കും. വരും ആഴ്ചകളിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിനായി ഏകദേശം 32 ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഫുട്ബോൾ, വോളിബോൾ, വടംവലി, കബഡി, അത്ലറ്റിക്സ് എന്നിവയുൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളും വരും ആഴ്ചകളിൽ നടക്കും. ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് നടക്കുന്നത് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ മഹത്തായ ചരിത്രത്തെ അനുസ്മരിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമാണിത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ടുകൂടിയായാണ് സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
നേരത്തെ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ്ന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂൾ ഒരു ചതുരംഗ (ചെസ്) ടൂർണമെന്റ് നടത്തിയിരുന്നു. ക്രിക്കറ്റ് മത്സരം സംബന്ധിച്ച വിവരങ്ങൾക്ക് 38099941/37130494 എന്ന നമ്പറിൽ ബന്ധപ്പെടുക. രജിസ്ട്രേഷനായി https://shorturl.at/kmtK3 എന്ന ലിങ്ക് പിന്തുടരുക.