പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരില്‍ പണം തട്ടിയതിന് സിപിഎം നേതാവിനെതിരെ കേസെടുത്തു. 2018ലെ പ്രളയ സമയത്ത് കാക്കനാട് കൊല്ലം കുടിമുകളില്‍ സ്വന്തം നിലയില്‍ ദുരിതാശ്വാസ ക്യാമ്പ് നടത്തുകയും ക്യാമ്പ് നടത്തിപ്പ് ചെലവിലേക്കെന്ന പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണം പിരിച്ച് തട്ടിയെന്ന പരാതിയിലാണ് തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ നിഷാദിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം തൃക്കാക്കര പോലീസ് കേസ് എടുത്തത്.
പണം അയച്ചതിന്റെ ബാങ്ക് വിശദാംശങ്ങളടക്കം ഉള്‍പ്പെടുത്തി തൃക്കാക്കരയിലെ പൊതു പ്രവര്ത്തകന് മാഹിന്‍ ആണ് കാക്കനാട് മജിസ്ടേറ്റ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയതിന് പ്രതികളായ എം.എം അന്‍വര്‍, നിധിന് എന്നിവരുള്‍പ്പെടുന്ന തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമാണ് നിഷാദ്.