തിരുവനന്തപുരം: വിമാനയാത്രാ നിരക്കുകളുടെ വർദ്ധനവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ ജോൺ ബ്രിട്ടാസ് എംപി. ആവശ്യം കാണിച്ച് അദ്ദേഹം കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുകാർ തെറ്റായ രീതികൾ കൈക്കൊണ്ട് യാത്രക്കാർക്കുമേൽ അമിതഭാരം ചുമത്തി അധിക ലാഭം കൈപ്പറ്റുകയാണെന്ന കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എംപിയുടെ വിശദീകരണം. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധനവ് സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് കേന്ദ്ര മന്ത്രിയോട് അവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യൂസേഴ്സ് ഫീസ് അമ്പത് ശതമാനം വർദ്ധിപ്പിക്കാൻ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) അനുമതി നൽകിയെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ അന്തർദേശീയ യാത്രക്കാർ 950 രൂപയും ആഭ്യന്തര യാത്രക്കാർ 450 രൂപയുമാണ് യൂസേഴ്സ് ഫീസ് നൽകേണ്ടത്. പുതിയ താരിഫ് അനുസരിച്ച് ആഭ്യന്തര യാത്രക്കാർ 770 രൂപയും അന്തർദേശീയ യാത്രക്കാർ 1,540 രൂപയും (നികുതികൾ ഒഴികെ) നൽകേണ്ടിവരും. വിമാനത്താവളം ആവശ്യപ്പെട്ട വർദ്ധനവിനേക്കാൾ കുറവാണിതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർ ഉൾപ്പടെ 4.44 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 50 ലക്ഷം യാത്രക്കാർ എന്നതാണ് ലക്ഷ്യം. അതിനിടെ, അടുത്ത അഞ്ച് വർഷത്തേക്ക് 1,200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ വിമാനത്താവളത്തിന് അനുമതി ലഭിച്ചു. റൺവേ റീകാർപെറ്റിംഗ്, അന്താരാഷ്ട്ര ടെർമിനൽ വിപുലീകരണം, മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, പുതിയ എയർ ട്രാഫിക് കൺട്രോൾ (എടിസി) എന്നിവയുടെ നിർമ്മാണം എന്നിവയാണ് പ്രധാന വികസന പദ്ധതികൾ.