
മനാമ:ബഹ്റൈനിലെ ആദ്യത്തെ യു-ടേൺ ഫ്ലൈഓവർ ഗതാഗതത്തിന് തുറന്നുകൊടുത്തു. നിർമ്മാണം പുരോഗമിക്കുന്ന അൽ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച യു-ടേൺ ഫ്ലൈഓവർ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൺസൾട്ടന്റുമാരും സൈറ്റ് എഞ്ചിനീയർമാരും ചടങ്ങിൽ പങ്കെടുത്തു.
അൽ-ഫത്തേഹ് ഹൈവേ നവീകരണ പദ്ധതി വടക്ക് ഷെയ്ഖ് ഹമദ് കോസ്വേ മുതൽ തെക്ക് മിന സൽമാൻ ഇന്റർസെക്ഷൻ വരെ നീളുന്നു. കൂടാതെ രണ്ട് ദിശകളിലേക്കും തടസ്സമില്ലാത്ത ഗതാഗതം പ്രദാനം ചെയ്യുന്നതിനായി അൽ-ഫത്തേഹ് ഹൈവേയുടെ എല്ലാ കവലകളുടെയും വികസനം ഉൾകൊള്ളിച്ചിട്ടുണ്ട്. ജുഫൈറിൽനിന്ന് പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിലൂടെ അൽ ഫാത്തിഹ് ഹൈവേയിൽ പ്രവേശിച്ച് തെക്ക് ഭാഗത്തേക്കും മിനാ സൽമാനിലേക്കും പോകുന്നവരെ ഉദ്ദേശിച്ചാണ് യു-ടേൺ ഫ്ലൈഓവർ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമേ, പടിഞ്ഞാറ് ഭാഗത്ത് ശൈഖ് ദുഐജ് റോഡിലേക്ക് പോകുന്നവർക്കും ഇത് പ്രയോജനപ്പെടും. 40.5 ബില്യൺ ദിനാർ ചെലവിൽ നടപ്പാക്കുന്ന അൽ ഫാതിഹ് ഹൈവേ വികസനം ഇതുവരെ 51 ശതമാനം പൂർത്തിയായതായി മന്ത്രി അറിയിച്ചു. 2021 ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 2024ൽ പൂർത്തിയാകും. പദ്ധതി പൂർത്തിയാകുമ്പോൾ അൽ ഫാത്തിഹ് ഹൈവേയിലൂടെ പ്രതിദിനം സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം നിലവിലെ 87,000ൽനിന്ന് 140,000 ആയി ഉയരും.

മനാമ ഭാഗത്തുനിന്ന് പ്രിൻസ് സൗഉദ് അൽ ഫൈസൽ ഹൈവേ വഴി ജുഫൈറിലേക്ക് പോകുന്നവർക്കായി നിർമിക്കുന്ന ലെഫ്റ്റ് ടേൺ ഫ്ലൈഓവറിന്റെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യ പാദത്തിൽ ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് ഹോട്ടൽ ജംഗ്ഷനിൽ ഇരുദിശയിലേക്കും മൂന്ന് വരി അടിപ്പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
സുസ്ഥിര സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റുന്നതും രാജ്യത്തിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങൾ നിറവേറ്റുന്ന ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായി സർക്കാർ നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പദ്ധതികളിലൊന്നാണ് അൽ-ഫത്തേഹ് ഹൈവേ നവീകരണ പദ്ധതി. നാസ് കോൺട്രാക്റ്റിംഗ് കമ്പനിയും (ബഹ്റൈൻ) ഹൂട്ട ഹെഗർഫെൽഡ് സൗദി ലിമിറ്റഡും (സൗദി അറേബ്യ) ചേർന്നുള്ള സംയുക്ത സംരംഭത്തിന് ഏകദേശം 30 മില്യൺ ബഹ്റൈൻ ദിനാർ കരാർ തുകയ്ക്ക് ടെൻഡർ ബോർഡ് പദ്ധതി അനുവദിച്ചുവെന്നത് ശ്രദ്ധേയമാണ്. സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (SFD) ആണ് ധനസഹായം നൽകുന്നത്.
2021 ഏപ്രിലിൽ അനുമതി നൽകിയ മൂന്ന് വർഷത്തെ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്, പാർസൺസ് എഞ്ചിനീയറിംഗ് കൺസൾട്ടൻസിയുടെ മേൽനോട്ടത്തിലാണ്.
