തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ആധുനിക സഹായോപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്ന സംസ്ഥാനത്തെ ആദ്യ ഷോറൂം നിർമ്മാണ പ്രവൃത്തിയിലേക്ക്.
തിരുവനന്തപുരം പൂജപ്പുരയിൽ സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ കേന്ദ്ര ഓഫീസ് വളപ്പിലാണ് ഷോറൂം ഉയരുക. ഷോറൂമിന്റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ ഒന്പതാം തീയതി വ്യാഴാഴ്ച 3.30പി.എം-ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.
തലസ്ഥാന നഗരിയിലെ ആദ്യത്തെ ഫൈവ്-ഡയമെൻഷനൽ എക്സ്പീരിയൻസ് സെന്ററും ഷോറൂമിന്റെ ഭാഗമായി സ്ഥാപിക്കും.
എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് സാമൂഹ്യനീതിവകുപ്പിന്റെ ഈ പദ്ധതി. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മുഖേന സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഭിന്നശേഷിക്കാർക്കുള്ള സഹായോപകരണ വില്പനകേന്ദ്രം തുറക്കാൻ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
318 ലക്ഷം രൂപ ചിലവിലാണ് പൂജപ്പുരയിലെ ഭിന്നശേഷി സഹായോപകരണ വില്പനകേന്ദ്രം സജ്ജമാക്കുക. ലോകത്ത് നിലവിലുള്ള ഏറ്റവും ആധുനികമായ സഹായോപകരണങ്ങൾ പൊതുവിപണിയിലെ ചൂഷണം ഒഴിവാക്കി ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കാനാണ് വില്പനകേന്ദ്രങ്ങളുടെ ശൃംഖല സാമൂഹ്യനീതിവകുപ്പ് സ്ഥാപിക്കാനൊരുങ്ങുന്നത്.