തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അപകടപരമാം വിധം വർദ്ധിക്കുകയാണെന്നും ഇത് തടയാൻ തദ്ദേശ സ്ഥാപനങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിക്കണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആവശ്യപ്പെട്ടു. ഇതിനു വേണ്ട ഫണ്ട് സംസ്ഥാന സർക്കാർ നൽകണം. പ്രതിരോധ വോളണ്ടിയർമാർ സജീവമല്ല. വാർഡ്തല പ്രതിരോധ സമിതികൾ പുനസംഘടിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.
രോഗ വ്യാപനം തടയുന്നതിൽ സർക്കാരും, ആരോഗ്യ വകുപ്പും പൂർണ്ണമായി പരാജയപ്പെട്ടു. ഐഎസിഎംആറിന്റെയും, കേന്ദ്ര സർക്കാരിൻ്റേയും നിർദ്ദേശങ്ങൾ പാലിക്കാത്തതും പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിച്ചതുമാണ് കേരളത്തിലെ ഗുരുതരമായ രോഗ വ്യാപനത്തിന് കാരണം. സംസ്ഥാനത്ത് സർക്കാർ ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. കേന്ദ്ര സർക്കാർ നടപ്പാക്കണമെന്ന് നിർദ്ദേശിച്ച ഇൻസ്റ്റിറ്റുഷണൽ ക്വാറൻറിൻ സംവിധാനം അട്ടിമറിച്ച് പകരം ഹോം ക്വാറൻ്റിൻ സംവിധാനം നടപ്പാക്കിയതാണ് രോഗ വ്യാപനം രൂക്ഷമാകാൻ കാരണം.
ഇന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയത് 35% രോഗികളും വീടുകളിൽ നിന്നാണന്നാണ്. സംസ്ഥാനത്ത് ബഹുഭൂരിപക്ഷം വീടുകളിലും ഹോം ക്വാറൻറിൻ സൗകര്യമില്ല. ഒരാൾക്ക് രോഗം വന്നാൽ വീട്ടിലെ എല്ലാവർക്കും പകരുന്ന സ്ഥിതിയാണ്. രോഗിയുമായി മറ്റുള്ളവർ അടുത്തിടപഴകാൻ പാടില്ലന്ന ബാലപാഠം പോലും സംസ്ഥാന സർക്കാർ മറന്നുവെന്ന് സുധീർ ചൂണ്ടിക്കാട്ടി.