ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ്-19. ഇറ്റലിയില്‍ വൈറസ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 168 പേര്. രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വൈറസ് ബാധയില്‍ 631 പേര് മരിക്കുകയും പതിനായിരത്തിലധികം പേരില്‍ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം നാലായിരത്തില്‍ അധികം ആളുകളാണ് കൊവിഡ് വൈറസ് ബാധയില്‍ മരണപ്പെട്ടത്. അതേസമയം തുര്‍ക്കിയില്‍ ആദ്യ കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കിയിൽ ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡ്-19 ബാധിച്ചുള്ള ആദ്യ മരണം ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ റിപ്പോർട്ട് ചെയ്തു. കാസബ്ലാങ്കയിൽ ചികിത്സയിലായിരുന്ന 89 വയസുകാരിയാണ് മരണപ്പെട്ടത്. ഇറ്റലിയിലെ ബൊലോഗ്നയിൽനിന്ന് കഴിഞ്ഞയാഴ്ച മൊറോക്കോയിലെത്തിയ ഇവർ രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ഇതോടെ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഇറ്റലിയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും മൊറോക്കോ സർക്കാർ നിർത്തിവച്ചു. അതേസമയം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊറോണ മരണമാണിത്. കഴിഞ്ഞയാഴ്ച ഈജിപ്തിലായിരുന്നു വൈറസ് ബാധയേറ്റുള്ള ആഫ്രിക്കയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.