മനാമ: ബഹ്റൈൻ ബിസിനസ് വുമൺ സൊസൈറ്റിയുടെ ആദ്യ ആർട്ട് എക്സിബിഷന് തുടക്കമായി. നാഷണൽ കൗൺസിൽ ഫോർ ആർട്സ് ചെയർമാൻ ഷെയ്ഖ് റാഷിദ് ബിൻ ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം കൗൺസിൽ അംഗം ശൈഖ ധോവ ബിൻത് ഖാലിദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. കലയ്ക്കും കരകൗശലത്തിനും വേണ്ടിയുള്ള സഫേയ അലി കാനൂ ഹബ്ബിലാണ് ഒരാഴ്ചത്തെ പ്രദർശനം നടക്കുന്നത്. ബഹ്റൈൻ ബിസിനസ്സ് വുമൺ സൊസൈറ്റിയിലെ അംഗങ്ങളുടെ പ്രത്യേക കഴിവുകൾ ഉയർത്തിക്കാട്ടുന്നതിനും ബഹ്റൈനെ സാംസ്കാരികവും കലാപരവുമായ മേഖലയായി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പ്രദർശനം.
‘ആരംഭം’ എന്ന പ്രമേയത്തിൽ നടക്കുന്ന പ്രദർശനം, പേര് സൂചിപ്പിക്കുന്നത് പോലെ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ആദ്യത്തേതാണ്. എക്സിബിഷന്റെ ആദ്യ പതിപ്പിൽ സൊസൈറ്റിയിലെ അംഗങ്ങളായ 13 കലാകാരന്മാർ വിവിധ കലാസൃഷ്ടികളുടെ ശേഖരം പ്രദർശിപ്പിച്ചു. എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ പ്രദർശനം സന്ദർശകർക്കായി തുറന്നിരിക്കും. സാംസ്കാരിക-കലാ പ്രവർത്തനങ്ങളിൽ രാജ്യത്തിന്റെ താൽപര്യം ഉയർത്തിക്കാട്ടുന്നതാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രദർശനം.