
മനാമ: ആദ്യ അറബ് അന്താരാഷ്ട്ര സൈബർ സുരക്ഷ കോൺഫറൻസിനും പ്രദർശനത്തിനും ബഹ്റൈനിൽ തുടക്കമായി. ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന കോൺഫറൻസിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈബർ സുരക്ഷ വിദഗ്ധരും പ്രഭാഷകരും പങ്കെടുക്കുന്നുണ്ട്.
വിവര, സാങ്കേതിക വിദ്യയുടെ അടിസ്ഥാനഘടകമായി സൈബർ സുരക്ഷ മാറിയെന്ന് ശൈഖ് നാസർ പറഞ്ഞു. സൈബർ സുരക്ഷക്ക് ബഹ്റൈൻ അതീവ പ്രാധാന്യമാണ് നൽകുന്നത്. സൈബർ സുരക്ഷ രംഗത്ത് മേഖലയിലെ മുൻനിര രാജ്യമാണ് ബഹ്റൈൻ. രാജ്യത്ത് സുരക്ഷിതവും വിശ്വസനീയവുമായ സൈബർ ഇടം ഒരുക്കുന്നതിന് ദേശീയ സൈബർ സെക്യൂരിറ്റി നയത്തിന് രൂപം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും കോൺഫറൻസിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു .
സേവനങ്ങൾ നൽകുന്നതിൽ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറണമെന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് അറബ് ഇന്റർനാഷണൽ സൈബർ സുരക്ഷാ സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും ആദ്യ പതിപ്പ് സംഘടിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി. സൈബർ സുരക്ഷ കൈവരിക്കുന്നത് സർക്കാർ ഏജൻസികളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഇക്കാര്യത്തിൽ അടിസ്ഥാന പങ്കാളിയായി തുടരുന്ന സ്വകാര്യ മേഖലയുടെ ഉത്തരവാദിത്തമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സൈബർ സുരക്ഷ മേഖലയിലെ നവീനത വർദ്ധിപ്പിക്കാനും ആഗോള സംരംഭങ്ങളും ഈ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും ഉയർത്തിക്കാട്ടാനും ഉച്ചകോടി ലക്ഷ്യമിടുന്നു.
നിരന്തരമായ ഭീഷണി തടയൽ, നിർണായക ഇൻഫ്രാസ്ട്രക്ചർ സംരക്ഷണം, സൈബർ പ്രതിരോധം, അപകടസാധ്യത, റിക്കവറി മാനേജ്മെന്റ്, ക്ലൗഡ് സെക്യൂരിറ്റി, ബിഗ് ഡാറ്റ, സൈബർ ടാലന്റ് മാനേജ്മെന്റ് തുടങ്ങി നിരവധി സൈബർ സുരക്ഷാ പ്രശ്നങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. ‘സൈബർ സുരക്ഷയിൽ ആഗോള സഹകരണം ശാക്തീകരിക്കുക’ എന്ന വിഷയത്തിലാണ് സൈബർ സുരക്ഷാ കോൺഫറൻസ് നടക്കുന്നത്. ഡിസംബർ 6 മുതൽ 8 വരെ ഉച്ചകോടി നടക്കും.
