പാലക്കാട്: പാലക്കാട് മലമ്പുഴയിലെ ആശുപത്രി മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കാനായില്ല. ഫലമുണ്ടാകില്ലെന്ന് കണ്ടതോടെ വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. ഇനി തീ പിടുത്തം ഉണ്ടായ സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മുഴുവന്‍ കത്തി തീരുക മാത്രമാണ് വഴിയെന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ന് രാത്രിയോ നാളെയോ മാത്രമേ മാലിന്യം പൂര്‍ണമായും കത്തി തീരൂവെന്നാണ് കണക്കാക്കുന്നത്.
ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ ‘ഇമേജി’ലാണ് ഇന്നലെ രാവിലെ 11 മണിയോടെ തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നതോടെയാണ് സ്ഥിതി കൈവിട്ട് പോയത്. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി ഒമ്പത് യൂണിറ്റുകളെത്തി ശ്രമിച്ചിട്ടും തീ അണയ്ക്കാനായില്ല. അതേസമയം, തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം പാലക്കാട് എംപി വി കെ ശ്രീകണ്ഠന് രംഗത്തെത്തിയിരുന്നു.