മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 40 മരണം. വടക്കൻ മെക്സിക്കോ-യുഎസ് അതിർത്തിക്കടുത്തുള്ള സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിൽ തിങ്കളാഴ്ച്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഇതാദ്യമായാണ് കുടിയേറ്റക്കാർ താമസിക്കുന്ന ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ ഇത്രയധികം പേർ മരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 68 കുടിയേറ്റക്കാർ ഇവിടെ താമസിപ്പിച്ചിരുന്നെന്നും അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി കുടിയേറ്റക്കാർ തന്നെ ക്യാമ്പിലെ കിടക്കകൾക്ക് തീയിട്ടപ്പോഴാണ് അപകടമുണ്ടായതെന്ന് മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് പറഞ്ഞു. നാടുകടത്തപ്പെടുമെന്ന് കുടിയേറ്റക്കാർ ഭയപ്പെട്ടിരുന്നു. പ്രതിഷേധ സൂചകമായാണ് അവർ കിടക്കകൾക്ക് തീയിട്ടതെന്നും പ്രസിഡന്റ് പറഞ്ഞു.
സംഭവത്തിൽ അറ്റോർണി ജനറലിന്റെ ഓഫീസ് അന്വേഷണം ആരംഭിച്ചു. ഗ്വോട്ടിമല, വെനസ്വേല, കൊളംബിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരിൽ 28 പേർ ഗ്വാട്ടിമാല പൗരൻമാരാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.