കൊച്ചി: ക്രിസ്മസ് ദിനം രാത്രി കിഴക്കമ്പലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്ഐആര്‍. പോലീസുകാരെ വധിക്കാന്‍ 50-ല്‍ അധികം വരുന്ന അതിഥി തൊഴിലാളികള്‍ ഒത്തുകൂടി. എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്.
ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു. കൊല്ലാനുള്ള ശ്രമത്തില്‍ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു.
കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചുമാണ് ആക്രമിച്ചത്. ചികിത്സയില്‍ കഴിയുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്ഐആര്‍ ഇട്ടത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതില്‍ 106 പേരെക്കൂടി അറസ്റ്റ് ചെയ്തു. 162 പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.