തിരുവനന്തപുരം: കടമെടുക്കൽ പരിധിയിലെ കേന്ദ്രത്തിൻ്റെ കാർക്കശ്യം ബജറ്റിൽ പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങളെ ബാധിച്ചതായി കേരളം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് നിവേദനം തയ്യാറാക്കി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയങ്ങളാണെന്ന ആരോപണം കടുപ്പിച്ച്, അത് തിരുത്തണമെന്നാവശ്യപ്പെട്ടാണ് കേരളം കേന്ദ്ര സർക്കാരിനെ സമീപിക്കുന്നത്.
കഴിഞ്ഞ 25 വർഷത്തിനിടെ സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക ബാധ്യതാ ഘടനയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ബാധ്യതകളിൽ കേന്ദ്രത്തിൽ നിന്നുള്ള വായ്പകളുടെയും അഡ്വാൻസിന്റെയും വിഹിതം 2005 ലെ ശരാശരി 15.8 ശതമാനത്തിൽ നിന്ന് 2020 ൽ 3 ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ കാര്യത്തിൽ ഇത് 12.4 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായാണ് കുറഞ്ഞത്.
സംസ്ഥാന ബജറ്റിൽ നിന്ന് പിന്തുണ ലഭിക്കുന്ന സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എടുത്ത കടങ്ങളും 2017 മുതലാണ് സംസ്ഥാന സർക്കാരിന്റെ കടമായി പരിഗണിച്ചത്. ഇതനുസരിച്ച് കിഫ്ബി മുതൽ സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ സര്‍ക്കാര്‍ ഗ്യാരണ്ടിയിൽ എടുക്കുന്ന വായ്പകൾ വരെ സംസ്ഥാന സർക്കാരിൻ്റെ കടമെടുക്കലിന്റെ പരിധിയിൽ വരും.