തിരുവല്ല: പാചക വിദഗ്ധനും സിനിമ നിർമ്മാതാവുമായ എം.വി.നൗഷാദ്(54) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. കാഴ്ച, ബെസ്റ്റ് ആക്ടർ, സ്പാനിഷ് മസാല, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. പ്രമുഖ കാറ്ററിംഗ്, റസ്റ്റോറന്റ് ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ ഉടമയാണ്. ടെലിവിഷൻ കുക്കറി ഷോകളിലൂടെയാണ് നൗഷാദ് മലയാളികൾക്ക് സുപരിചിതനാകുന്നത്.

തിരുവല്ലയിൽ റസ്റ്റോറന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാദ്ധ്യതകൾ കണ്ടെത്തി അവതരിപ്പിക്കുകയായിരുന്നു. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമ്മാതാവായി തുടക്കമിടുന്നത്. ഭാര്യ: പരേതയായ ഷീബ, മകൾ: നഷ്വ
