തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ചിത്രീകരണം ജൂലൈ 20 മുതൽ തുടങ്ങും. സിനിമ ചിത്രീകരണത്തിനായുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.സിനിമ ചിത്രീകരണസംഘത്തിൽ 50 പേർ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമാ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്ത് പോകാൻ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
ആർടിപിസിആർ നടത്തുന്ന ഐസിഎംആർ അംഗീകാരമുള്ള മൊബൈൽ ലാബുമായി പ്രൊഡ്യൂസർ നേരിട്ട് കരാറിൽ ഏർപ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസൾട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷൻ കൺട്രോളറിന്റേയും ഇ-മെയിലിൽ ലഭ്യമാക്കണം. സെറ്റിൽ രാവിലെ തന്നെ ഓരോ അംഗത്തിന്റെയും ശരീരോഷ്മാവ് പരിശോധിച്ച് ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. പ്രൊഡക്ഷൻ അസിസ്റ്റന്റ്, മേക്കപ്പ് വിഭാഗം, കോസ്റ്റിയൂം വിഭാഗം എന്നിവർ ജോലി സമയത്ത് കൈയുറകളും മാസ്കും ധരിക്കണം. സെറ്റിലെ ഓരോ അംഗത്തിനും 100ml ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം. കഴിയുന്നതും പേപ്പർ ഗ്ലാസുകളും, പ്ലേറ്റുകളും ഉപയോഗിക്കണം.