ഗുരുവായൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു സുനില്‍.
നിരവധി സിനിമകളുടെ ഭാഗമായിരുന്നു സുനില്‍. 2014ല്‍ പുറത്തിറങ്ങിയ ഒന്നും മിണ്ടാതെ എന്നു ചിത്രത്തിനു വേണ്ടിയാണ് സുനില്‍ അവസാനമായി നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇദ്ദേഹത്തിന്റെ ക്യാമറയില്‍ പതിയാത്ത താരങ്ങള്‍ ചുരുക്കമാണ്.
ഭരതന് സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 1953 ല്‍ ഗുരുവായൂരാണ് ജനനം. കൃഷ്ണന് കുട്ടിയും അമ്മുവുമാണ് മാതാപിതാക്കള്‍. അംബികയാണ് ഭാര്യ.
