മനാമ: ബഹറിൻ ഫോർമുല വൺ കാറോട്ടമത്സരത്തിന് വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി സാഖിറിലെ എഫ് വൺ വില്ലേജിൽ നടന്ന കലാപരിപാടികൾ ഉത്സവ പ്രതീതിയാണ് സന്ദർശകർക്ക് പകർന്നുനൽകിയത്. കുട്ടികളും കുടുംബവുമായി എത്തുന്നവർക്ക് വിവിധ ഗെയിമുകളും വിനോദ പരിപാടികളുമാണ് ഒരുക്കിയിരുന്നത്. ലോകപ്രശസ്ത സംഗീതജ്ഞരുടെ സംഗീതപരിപാടികളും പരിപാടിക്ക് കൊഴുപ്പേകി.
ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഫെരാരിയുടെ ചാൾസ് ലെക്ലർക്ക് കിരീടംചൂടി. ഫെരാരിയുടെ തന്നെ കാർലോസ് സൈൻസ് റണ്ണറപ്പും ഏഴ് തവണ ലോക ചാമ്പ്യനായ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചാൾസ് ലെക്ലർക്കിന്റെ സഹതാരം കാർലോസ് സൈൻസും അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ച് രണ്ടാം സ്ഥാനത്തെത്തി ഫെരാരിക്ക് ഒരു മികച്ച രാത്രിയാണ് സമ്മാനിച്ചത്. ബാറ്ററി പ്രശ്നങ്ങൾ കാരണം റെഡ് ബുള്ളിന്റെ സെർജിയോ പെരസും, നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെർസ്റ്റാപ്പനും അവസാന കുറച്ച് മിനിറ്റുകളിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരായി.
ഫോർമുല 3 ഫീച്ചർ റേസിൽ എ.ആർ.ടി ഗ്രാൻഡ് പ്രീയുടെ വിക്ടർ മാർട്ടിൻസ് വിജയിയായി. പ്രേമ റേസിങ്ങിന്റെ ആർതർ ലെക്ലർക്ക് രണ്ടാം സ്ഥാനവും എ.ആർ.ടി ഗ്രാൻഡ് പ്രീയുടെ ജോർജീ സോസി മൂന്നാം സ്ഥാനവും നേടി. എ.ആർ.ടിയുടെ തന്നെ ജോർജീ മാനുവൽ കൊറിയ നാലാം സ്ഥാനവും വാൻ ആമേഴ്സ്ഫൂർട്ട് റേസിങ്ങിന്റെ ഫ്രാങ്കോ കൊളാപിന്റോ അഞ്ചാം സ്ഥാനവും നേടി. എം.പി മോട്ടോർ സ്പോർട്ടിനുവേണ്ടി മത്സരിച്ച ഇന്ത്യൻ താരം കുഷ് മൈനി 17ാമതാണ് ഫിനിഷ് ചെയ്തത്.
സ്പ്രിന്റ് റേസ്, ഫീച്ചർ റേസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയന്റ് നിലയിൽ വിക്ടർ മാർട്ടിൻസാണ് മുന്നിൽ (25 പോയന്റ്). 24 പോയന്റുമായി സർതർ ലെക്ലർക്ക് രണ്ടാമതും 17 പോയന്റുമായി പ്രേമ റേസിങ്ങിന്റെ ഒലിവർ ബിയർമാൻ മൂന്നാമതുമാണ്.
ഫോർമുല 2 ഫീച്ചർ റേസിൽ എ.ആർ.ടി ഗ്രാൻഡ് പ്രീയുടെ തിയോ പോർഷെ വിജയിയായി. കാർലിൻ താരം ലിയാം ലോസൺ രണ്ടാമതും ഹൈടെക് ഗ്രാൻഡ് പ്രീയുടെ ജൂറി വൈപിസ് മൂന്നാമതുമെത്തി. കാംപോസ് റേസിങ്ങിന്റെ റാൽഫ് ബോഷുങ് നാലാം സ്ഥാനവും ഹൈടെക്കിന്റെ മാർക്കസ് ആംസ്ട്രോങ് അഞ്ചാം സ്ഥാനവും നേടി. ഇന്ത്യൻ താരം ജെഹാൻ ദാരുവാല 14ാമനായാണ് ഫിനിഷ് ചെയ്തത്. ശനിയാഴ്ച നടന്ന സ്പ്രിന്റ് റേസിൽ ദാരുവാല രണ്ടാം സ്ഥാനം നേടിയിരുന്നു.
പോയന്റ് നിലയിൽ പോർഷേ 25 പോയന്റുമായി ഒന്നാമതെത്തി. 24 പോയന്റുമായി ലോസൺ രണ്ടാമതും 18 പോയന്റുമായി വൈപിസ് മൂന്നാമതുമാണ്.
ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധസമിതി ഉപദേഷ്ടാവുമായ ഷെയ്ഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഫോർമുല വൺ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബഹറിൻ ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്നുവന്ന കാറോട്ട മത്സരം ഇത്തവണ വർധിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ സ്പോർട്സ് താരങ്ങളും ബിസിനസ് പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കാറോട്ട പ്രേമികളും മത്സരം വീക്ഷിക്കാനായി സർക്യൂട്ടിൽ എത്തിച്ചേർന്നു. രാജ്യത്തെ ഹോട്ടൽ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാൻ ഫോർമുലവൺ ഗ്രാൻഡ് പ്രീ യിലൂടെ സാധിച്ചിട്ടുണ്ട് .