മനാമ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഒക്ടോബർ ആറ് മുതൽ 10 വരെ ബഹ്റൈൻ സന്ദർശിക്കുമെന്ന് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തശേഷമുള്ള പ്രഥമ സന്ദർശനമാണ് അദ്ദേഹം നടത്തുന്നത്. ഇടവകയുടെ 64ാമത് പെരുന്നാൾ ആഘോഷവും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കാതോലിക്കാ ബാവക്ക് സ്വീകരണം നൽകും. സ്വീകരണ ഘോഷയാത്രയും പൊതുസമ്മേളനവും ഇതോടപ്പം നടക്കും. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ബഹ്റൈൻ സാമൂഹിക ക്ഷേമ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറിയും എൻ.ജി.ഒ സപ്പോർട്ട് ഡയറക്ടറുമായ നജ്വ അൽ ജനാഹി, ദിസ് ഈസ് ബഹ്റൈൻ ചെയർപേഴ്സൺ ബെറ്റ്സി മത്തിയേസൺ, ലബനോൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള എത്യോപ്യൻ ഓർത്തഡോക്സ് ചർച്ച് ആർച്ച് ബിഷപ്പ് അബ്ബ ദിമെത്രോസ്, മലങ്കര ഓർത്തഡോക്സ് ചർച്ച് വൈദിക ട്രസ്റ്റി ഫാ. ഡോ. വർഗീസ് അമയിൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ബഹ്റൈനിലെ സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികളും വിവിധ സഭാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. പോൾ മാത്യൂസ് അറിയിച്ചു.
ഇടവകയുടെ 64ാമത് പെരുന്നാളിന് കാത്തോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും. ഇടവക പുനഃരുദ്ധാരണ കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കൺവെൻഷന് കോട്ടയം വൈദിക സെമിനാരി അധ്യാപകനും മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റിയുമായ ഫാ. ഡോ. തോമസ് വർഗീസ് അമയിൽ നേതൃത്വം നൽകും. ഒക്ടോബർ ഒമ്പതിന് കാത്തോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന നടത്തും.
വാർത്തസമ്മേളനത്തിൽ ഇടവക സഹവികാരി ഫാ. സുനിൽ കുര്യൻ ബേബി, ട്രസ്റ്റി സാമുവൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി, പബ്ലിസിറ്റി കൺവീനർ എബ്രഹാം സാമുവൽ, പ്രോഗ്രാം കൺവീനർ ലെനി പി. മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ബോണി മുളപ്പാംപറമ്പിൽ, സന്തോഷ് മാത്യു എന്നിവരും പങ്കെടുത്തു.