
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനം മാറ്റി. പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശവാസികളില്‍ നിന്ന് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ലെന്ന് ടോള്‍ കമ്പനി അറിയിച്ചു. ഈ മാസം 28ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്നും ഫെബ്രുവരി 17 മുതല്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാറ്റം. ആറ് പഞ്ചായത്തുകളിലെ ജനങ്ങളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സൗജന്യം തുടരണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതി പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് മുന്പില് പ്രതിഷേധ സമരം നടത്തി. ടോള്‍ പിരിച്ചാല്‍ തടയുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 28 വരെ ടോള്‍ പിരിക്കില്ലെന്ന് ടോള്‍ കമ്പനി അറിയിച്ചത്.
വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, വ്യാപാരി സംരക്ഷണ സമിതി, സ്കൂള്‍ ബസ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഒരു കാരണവശാലും പ്രദേശവാസികളില്‍ നിന്നും സ്കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും മറിച്ച് തീരുമാനം ഉണ്ടായാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇറങ്ങി ടോള്‍ പ്ലാസ ഉപരോധിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
അതിനിടെ ടോള്‍ പ്ലാസയുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സൗജന്യ പാസിന് അപേക്ഷ നല്കിയ 2000 പേരില്‍ 851 പേര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതായും ടോള്‍ അധികൃതര്‍ പറഞ്ഞു. അവരുടെ വാഹനങ്ങളുടെ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
