
കിളിമാനൂർ: കിളിമാനൂരിലെ മടവൂരിൽ കൊച്ചാലുംമൂട്ടിലെ ദമ്പതിമാരായ പ്രഭാകരക്കുറുപ്പിനേയും വിമലകുമാരിയെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ, പ്രതിയായ ശശിധരൻ നായരെ പ്രേരിപ്പിച്ചത് 27 വർഷം മുൻപുള്ള ബഹ്റൈനിലെ ജോലി തർക്കവും ,മരണവുമാണ്.
27 വർഷം മുൻപ് ശശിധരൻറെ മകനെ ബഹ്റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാൽ പറഞ്ഞ ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ മകൻ നിരാശനായിരുന്നു. ഇക്കാര്യം വീട്ടിൽ പലതവണ അറിയിച്ചശേഷം മകൻ ആത്മഹത്യ ചെയ്തു. സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരന് ശത്രുതയായി.
ഇതിനെതിരെ ശശിധരൻ കേസ് നൽകിയിരുന്നു. കേസിൽ കോടതി ഇന്നലെ പ്രഭാകര കുറുപ്പിനെ കുറ്റവിമുക്തനാക്കി. ഇതിന് പിന്നാലെയാണ് ശശിധരൻ ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചു.
