തിരുവനന്തപുരം: ഖാദി വസ്ത്രങ്ങൾ ആകർഷകമാക്കുന്നതിന് ഫാഷൻ ഡിസൈനിങ്ങ് സങ്കേതങ്ങൾ കൂടി ഉപയോഗിക്കാൻ ഖാദി ഗ്രാമ വ്യവസായ ബോർഡ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഖാദി ബോർഡും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി ധാരണാപത്രം ഒപ്പുവച്ചു.
ഐ.ടി.എഫ്.കെയിൽ നിന്ന് ഡിസൈനിംഗ് കോഴ്സ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഖാദി മേഖലയിൽ ഇൻ്റേൺഷിപ്പ് അനുവദിച്ചായിരിക്കും വസ്ത്ര രൂപകൽപനയുടെ തുടക്കം. വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാനത്തുടനീളമുള്ള ഖാദി ബോർഡ് യൂണിറ്റുകളിൽ ഇൻ്റേൺഷിപ്പ് നൽകും. പ്രതിമാസ സ്റ്റൈപ്പൻ്റോടുകൂടിയാകും ഇൻ്റേൺഷിപ്പ് അനുവദിക്കുക. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. പുതിയ കാലത്തെ ഫാഷനുകൾക്കനുസൃതമായ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും പുതിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയയിലും ഐ എഫ് ടി കെ ഖാദി ബോർഡിനെ സഹായിക്കുന്നതിനും ധാരണയായിട്ടുണ്ട്.
ഖാദി ഉത്പന്നങ്ങളുടെ ആകർഷണീയത വർധിപ്പിക്കുന്നതിനും വൈവിധ്യവത്കരണം ഉറപ്പ് വരുത്താനും ഇതുവഴി ഈ മേഖലയുടെ ഉന്നമനം സാധ്യമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രിൻസിപ്പൽ പി. ലക്ഷ്മൺ കാന്തും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജനും പങ്കെടുത്തു.
