ഛണ്ഡീഗഢ്: ഹരിയാനയില്‍ ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ചൊവ്വാഴ്ച്ച ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് നടക്കാനിരിക്കെയാണ് ഹരിയാന സര്‍ക്കാരിന്റെ നടപടി. മൊബൈല്‍ ഫോണുകളിലേക്ക് നല്കുന്ന ഡോംഗിള്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്നും വോയിസ് കോള്‍ മാത്രമായിരിക്കും ലഭിക്കുകയെന്നുമാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷനിലൂടെ അറിയിച്ചത്.
മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നത്. താങ്ങുവില ഉറപ്പാക്കാന്‍ നിയമം, പെന്ഷന്, വിള ഇന്‍ഷുറന്‍സ്, എഫ്ഐആറുകള്‍ റദ്ദാക്കല്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള കേന്ദ്രം നിയോഗിച്ച മൂന്നംഗ സംഘം ചണ്ഡീഗഡില്‍ ചര്‍ച്ച തുടരുകയാണ്.200 ലധികം സംഘടനകള്‍ ഇതിനകം മാര്‍ച്ചിന്റെ ഭാഗമാവുമെന്ന് അറിയിച്ചിട്ടുണ്ട്. അംബല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ ജില്ലകളിലാണ് വ്യാഴാഴ്ച്ച രാത്രി വരെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചത്. ഹരിയാന-പഞ്ചാബ് അതിര്‍ത്തി അടയ്ക്കാനാണ് പൊലീസ് തീരുമാനം. ഡല്‍ഹിയിലേക്ക് കടക്കുന്നതിന് മുമ്പ് കര്‍ഷക മാര്‍ച്ച് ഹരിയാനയിലേക്ക് കടക്കുന്നത് തടയുന്നതിനാണ് അതിര്‍ത്തി അടയ്ക്കുന്നത്