തൃശൂർ: അരനൂറ്റാണ്ടോളം മലയാളത്തിന്റെ ചിരിയായിരുന്ന ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. സംസ്കാരം രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. സിനിമാലോകം ഒന്നടങ്കം പ്രിയസുഹൃത്തിനെ അവസാനമായി കാണാനെത്തി. മുൻ എം.പി കൂടിയായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
ഇന്നസെന്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. പ്രേക്ഷകരുടെ ജീവിതത്തിൽ നർമ്മം നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു. മലയാള സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന ഇന്നസെന്റിന്റെ വിയോഗം പ്രിയപ്പെട്ടവര്‍ക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.