
മനാമ: നീണ്ട 37 വർഷം ഒരേ സ്പോൺസറുടെ കീഴിൽ, ബഹ്റൈനിലെ ഒരു അറബി വീട്ടിൽ ജോലി ചെയ്ത തിരൂർ സ്വദേശി മുസ്തഫ സാഹിബ് പവിഴ ദ്വീപിലെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി.
കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗവും, കെഎംസിസി ബഹ്റൈൻ സനാബിസ് ഏരിയ സീനിയർ ഭാരവാഹിയുമായ അദ്ദേഹത്തെ കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റിയും, തിരൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി യാത്ര അയപ്പ് നൽകി. കിട്ടുന്ന ഒഴിവ് സമയങ്ങളിൽ കെഎംസിസി, സമസ്ത സംഘടനകളിൽ പ്രവർത്തിച്ചിരുന്ന മുസ്തഫ സാഹിബ് ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു.
മനാമ കെഎംസിസി ബഹ്റൈൻ മിനി ഹാളിൽ നടന്ന യാത്ര അയപ്പ് പരിപാടി കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ ഉത്ഘാടനം ചെയ്തു.മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ സാഹിബ്, ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഒളവട്ടൂർ, തിരൂർ മണ്ഡലം ട്രഷറർ ജാസിർ കന്മനം, ജില്ല ഭാരവാഹികൾ ആയ മുജീബ് മലപ്പുറം, മഅറൂഫ് ആലുങ്ങൾ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തിരൂർ മണ്ഡലം ഭാരവാഹികൾ ആയ താജു ചെമ്പ്ര, ശംസുദ്ധീൻ കുറ്റൂർ എന്നിവർ സംബന്ധിച്ചു. കെഎംസിസി ബഹ്റൈൻ കൊണ്ടോട്ടി മണ്ഡലം പ്രഥമ പ്രസിഡന്റും, നിലവിൽ സൗദിയിൽ പ്രവാസം ആരംഭിച്ച ഷബീറലി കക്കോവിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യാത്ര അയപ്പ് സംഗമം, തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി എം മൗസൽ മൂപ്പൻ ചെമ്പ്ര സ്വാഗതവും മണ്ഡലം സെക്രട്ടറി ഹുനൈസ് മാങ്ങാട്ടിരി നന്ദിയും പറഞ്ഞു.
