
കോഴിക്കോട്: വ്യാജ ലൈംഗിക ചൂഷണ പരാതിയില്‍ പോക്സോ കേസ് പ്രതിയായ യുവാവിനെ മൂന്നു വര്‍ഷത്തെ വിചാരണയ്ക്കൊടുവില് വെറുതെ വിട്ടു.
പെരിങ്ങളം സ്വദേശി ജിതിനെയാണ് (27) കോഴിക്കോട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) വെറുതെ വിട്ടത്. 2021 ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ മൂന്നു ദിവസം പ്രതി വീട്ടുകാരറിയാതെ താമസിച്ച് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നും കോവിഡ് കാലത്ത് തുഷാരഗിരി, കോഴിക്കോട് ബീച്ച്, സരോവരം പാര്‍ക്ക് എന്നിവിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്.
പരാതിക്കാരിയായ പെണ്‍കുട്ടിക്ക് യുവാവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിന്റെ പേരില്‍ ജിതിനെ കുടുക്കാനായി വ്യാജ പരാതി നല്കിയതായിരുന്നു.
ദുരഭിമാനത്തിന്റെ പേരിലും കുടുംബത്തിന്റെ മാനം നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് ജിതിനെതിരെ കേസ് കൊടുത്തതെന്ന് പ്രതിയുെട അഭിഭാഷകന് ഷമീം പക്സാന് പറഞ്ഞു. എന്നാല്‍ തെളിവുകളുണ്ടായിരുന്നില്ല. പോക്സോ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് മാതാപിതാക്കള്‍ കള്ളപ്പരാതി കൊടുപ്പിക്കുന്നുണ്ടെന്നും നിരവധി ആളുകള്‍ ബലിയാടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
