മനാമ: ബഹ്റൈനിലെ ഡാന മാളിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി അത്യാധുനിക വിനോദ കേന്ദ്രമായ ‘ഫാബിലാൻഡ്’ പ്രവർത്തനമാരംഭിച്ചു. സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് കൂട്ടായ്മയായ അൽ-ഒതൈം ലെഷറിന് കീഴിലുള്ള ഫൺ വേൾഡ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ‘ഫ്യൂച്ചറിസ്റ്റിക്’ ഫാമിലി എന്റർടെയ്ൻമെന്റ് ഡെസ്റ്റിനേഷനാണ് ഫാബിലാൻഡ്.
ഫാബിലാൻഡ് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി വൈവിധ്യമാർന്ന റൈഡുകളും ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. ഫാബിലാൻഡിന്റെ ബഹ്റൈനിലെ ആദ്യ ഫാമിലി എന്റർടൈൻമെന്റ് സെന്ററാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. 24,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക ഫാമിലി എന്റർടെയ്ൻമെന്റ് സെന്ററാണ് ഇത്.

ബമ്പർ കാറുകൾ, റെഡ് ബാരൺ, ടോയ് സ്വിംഗ്, ഹാപ്പി സ്വിംഗ്, മൂൺ ടവർ തുടങ്ങിയ റൈഡുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലകളുള്ള സോഫ്റ്റ് പ്ലേ ഘടനയിൽ സ്ലൈഡുകൾ, ബോൾ-പൂൾ, ബോൾ-ഷൂട്ടിംഗ് എന്നിവയുൾപ്പെടെ 100-ലധികം വ്യത്യസ്ത പ്രവർത്തനങ്ങളുണ്ട്. വിപുലമായ റിഡംപ്ഷൻ മെഷീനുകൾ, വീഡിയോ ഗെയിമുകൾ, കിഡ്ഡി റൈഡുകൾ, പുതുമയുള്ള മെഷീനുകൾ എന്നിവയുൾപ്പെടെ ധാരാളം ഗെയിമുകളും ഉണ്ട്.
സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് കൂട്ടായ്മയായ അൽ-ഒതൈം ലെഷർ ഗ്രൂപ്പിന്റെ കീഴിൽ ഫാബിലാൻഡ് കൂടാതെ എക്സ്ട്രീം ലാൻഡ്, മൈ ടൗൺ, സഫൊറിലാൻഡ്, സ്നോ സിറ്റി, എക്സ്ട്രീം സോൺ, സ്പ്ലാഷ് വാട്ടർ പാർക്ക് എന്നിങ്ങനെ നിരവധി ബ്രാൻഡുകൾ പ്രവർത്തിക്കുന്നു. ഡാനാ മാളിൽ ഫാബിലാൻഡ് ആരംഭിക്കുന്നതിൽ സന്തുഷ്ടരാണെന്നും എല്ലാ പ്രായക്കാർക്കും ആവേശകരമായ റൈഡുകളും ഫിറ്റ്നസും വിനോദ ഓപ്ഷനുകളും ഉൾക്കൊള്ളുന്ന ഒരു ‘ഫ്യൂച്ചറിസ്റ്റിക്’ അന്തരീക്ഷം സജ്ജീകരിച്ചിട്ടുണ്ടെന്നും അൽ-ഒതൈം ലെഷർ ആൻഡ് ടൂറിസം ജനറൽ മാനേജർ കരീം ഫായിദ് പറഞ്ഞു.
