മനാമ: എഫ് 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ന് മുന്നോടിയായി ഫോർമുല 1 ന്റെ ഡ്രൈവർമാർ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) എത്തിത്തുടങ്ങി. മക് ലാരന്റെ ലാൻഡോ നോറിസ്, കാർലോസ് സൈൻസ്, വില്യംസ് ഡ്രൈവർമാരായ ജോർജ്ജ് റസ്സൽ, നിക്കോളാസ് ലതിഫി, ആൽഫ റോമിയോയുടെ അന്റോണിയോ ജിയോവിനാസ്സി എന്നിവരും ഇതിനകം ബഹ്റൈനിൽ എത്തിയിട്ടുണ്ട്. ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ നിന്നുള്ള നിരവധി ഡ്രൈവർമാരും റേസ് ഉദ്യോഗസ്ഥരോടൊപ്പം ഇതിനകം ബഹ്റൈനിലെത്തിയിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മേഖലയിലെ ഏറ്റവും വലിയ ആഗോള കായിക ഷോകേസ് കൗണ്ട്ഡൗൺ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ എഫ് 1, എഫ് 2 ഡ്രൈവർമാർ ബഹ്റൈനിൽ എത്തിച്ചേരും. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നവംബർ 27 മുതൽ 29 വരെയാണ് എഫ് 1 റേസ് നടക്കുന്നത്. റോളക്സ് സഖിർ ഗ്രാൻഡ് പ്രിക്സ് അടുത്ത വാരാന്ത്യത്തിൽ ഡിസംബർ 4 മുതൽ 6 വരെ ബിഐസിയിൽ തികച്ചും വ്യത്യസ്തമായ ട്രാക്ക് ലേഔട്ടിലാണ് നടക്കുന്നത്. ബിഐസിയുടെ അത്യാധുനിക ഫ്ലഡ്ലൈറ്റുകളുടെ മിഴിവിലാണ് രണ്ട് മൽസരങ്ങളും രാത്രിയിൽ നടക്കുന്നത്.
യുവജന-കായിക കാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിക്കുന്ന എല്ലാ മുൻകരുതൽ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്. രണ്ട് മത്സരങ്ങൾക്കും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ലായെങ്കിലും മുൻനിര ആരോഗ്യ പ്രവർത്തകരെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഈ വർഷത്തെ എഫ് 1 ലോക ചാമ്പ്യൻഷിപ്പിലെ 17 റൗണ്ടുകളിൽ 15 മത്തേതാണ് എഫ് 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2020.