തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതായി കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകിട്ടു മുതല്‍ ജില്ലയില്‍ ചുഴലിക്കാറ്റിന്റെ ശക്തമായ സ്വാധീനമുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് അപകട സാധ്യതയുള്ള മേഖലയില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍.ഡി.ആര്.എഫ്.) ഒരു യൂണിറ്റ് ജില്ലയിലെത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നാളെ ഗള്‍ഫ് ഓഫ് മാന്നാറിലെത്തുന്ന ബുറേവി ചുഴലിക്കാറ്റ് രാത്രിയും ഡിസംബര്‍ നാലിന് പുലര്‍ച്ചെയുമായി കന്യാകുമാരിയുടേയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്നാട് തീരത്തേക്കു പ്രവേശിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്നു കളക്ടര്‍ പറഞ്ഞു. ഇത് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ജില്ലയിലാകെ അതിതീവ്ര മഴയും കാറ്റുമുണ്ടാകും. ഇതു മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഏതു സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം പൂര്‍ണമായി തയാറെടുത്തിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ മുഴുവന്‍ ആളുകളും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലില്‍ പോകരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകള്‍, ജലാശയങ്ങള്‍, നദികള്‍ തുടങ്ങിയിടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.
ജില്ലയുടെ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചു ദിവസങ്ങളില്‍ പോകരുതെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വൈകിട്ട് അഞ്ചിനു ശേഷമുള്ള യാത്ര പൂര്‍ണമായി ഒഴിവാക്കണം. ഇന്നു മുതലുള്ള 48 മണിക്കൂര്‍ സമയം ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജില്ലാ ഭരണകൂടത്തില്‍നിന്നുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും തയാറാകണം. കാറ്റിനുള്ള സാധ്യത മുന്‍നിര്‍ത്തി വൈദ്യുതി വിതരണ ശൃംഘലയില്‍ പ്രത്യേക ശ്രദ്ധ നല്കാന് കെഎസ്ഇബിക്കു നിര്‍ദേശം നല്കി. കെഎസ്ഇബിയുടെ എല്ലാ സര്‍ക്കിളുകളിലും ദ്രുതകര്‍മ സേന രൂപീകരിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബിഎസ്എന്‍എല്ലിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.