കോഴിക്കോട്: കല്ലായിയില്‍ റയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. പൊലീസും ആര്.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ഗുഡ്സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ ഐസ്ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയത്. പൊലീസ്, റെയില്‍വെ സംരക്ഷണ സേന, ഡോഗ് സക്വാഡ്, ബോംബ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ഡോഗ് സ്ക്വാഡിലെ നായ മണം പിടിച്ച് സമീപത്തെ വീടിനടുത്തെത്തിയതോടെ ഈ വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ വീടിന് മുന്നില്‍നിന്ന് സ്ഫോടക വസ്തുവിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കിട്ടി. ബോംബല്ലെന്നാണ് പ്രാഥമിക നിഗമനം. പാളത്തിന് സമീപം താമസിക്കുന്ന ഹംസയുടെ വീടും പരിസരവും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അരിച്ചു പെറുക്കി.
കഴിഞ്ഞ ദിവസം ഈ വീട്ടില്‍ നടന്ന കല്യാണത്തിന് ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചിരുന്നുതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ പൊട്ടാത്ത പടക്കം പാളത്തില്‍ കൊണ്ടിട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീട്ടുകാരെ ചോദ്യം ചെയ്ത പോലീസ് ഇവർക്കെതിരെ സ്ഫോടകവസ്തു നിരോധന നിയമ പ്രകാരം കേസെടുത്തു. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. പ്രാഥമികമായി അട്ടിമറി സാധ്യത തള്ളുമ്പോഴും പാളത്തിന് മധ്യത്തില്‍ സ്ഫോടക വസ്തുകണ്ടെത്തിയത് ഗുരുതര കുറ്റമായാണ് പോലീസ് കണക്കാക്കുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ.
ട്രെയിൻ അപകടപ്പെടുത്താൻ ആരെങ്കിലും മനപൂർവം സ്ഫോടക വസ്തുകൊണ്ടുവച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.