
മനാമ: തിരുവോണം കെങ്കേമമായി ആഘോഷിക്കാനുള്ള തിരക്കിലാണ് ബഹ്റൈനിലെ പ്രവാസി മലയാളികൾ. ഉത്രാടപ്പാച്ചിൽ ദിവസമായ ഇന്ന് അവസാനവട്ട ഒരുക്കത്തിന്റെ തിരക്കിലാണ് എല്ലാവരും. ബഹ്റൈനിലെ ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും ഓണക്കാഴ്ചകളൊരുക്കി നേരത്തെതന്നെ സജ്ജമായിരുന്നു. ഓണത്തെ വരവേൽക്കാൻ കേരളത്തിൽ നിന്നും പഴങ്ങളും പച്ചക്കറികളും, പൂക്കളുമെല്ലാം വിപണിയിൽ നിറഞ്ഞിട്ടുണ്ട്. വിവിധ ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളുമെല്ലാം പ്രത്യേക പ്രമോഷനുകൾ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ഓഫറുകളോടെ കസവു സാരികളും കസവു മുണ്ടും ഉൾപ്പെടെ വസ്ത്രവിപണികളും സജീവമായി. ഓണക്കോടി എടുക്കാനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ റസ്റ്റാറന്റുകളും ഹൈപ്പർ മാർക്കറ്റുകളും ഓണസദ്യ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവോണ ദിവസം വാങ്ങാൻ കഴിയുന്ന രീതിയിലാണ് ഓണസദ്യ ക്രമീകരിച്ചിരിക്കുന്നത്.
