
മനാമ: ജനുവരി 22 മുതല്‍ 31 വരെ നടക്കുന്ന 36ാമത് ശരത്കാല മേള 2026ന് എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ (ഇ.ഡബ്ല്യു.ബി) തയ്യാറെടുക്കുന്നു.
അന്താരാഷ്ട്ര പ്രദര്‍ശകരുടെ വിപുലമായ പങ്കാളിത്തം മേളയിലുണ്ടാകുമെന്ന്
ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇ.ഡബ്ല്യു.ബി. ചെയര്‍മാനുമായ സാറ അഹമ്മദ് ബുഹിജി പറഞ്ഞു. മേള ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക പരിപാടികളിലൊന്നാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. വിശാലമായ സ്ഥലങ്ങളും നൂതന സൗകര്യങ്ങളും ഇവിടെയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
36ാമത് പതിപ്പ് ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലുതാണെന്നും നാല് ഹാളുകള്‍ ഉള്‍ക്കൊള്ളുന്നതായും 24ലധികം രാജ്യങ്ങളില്‍നിന്നുള്ള 600ലധികം പ്രദര്‍ശകരെ പങ്കെടുപ്പിക്കുന്നതായും 2,00,000ത്തിലധികം സന്ദര്‍ശകര്‍ പങ്കെടുക്കുമെന്നും പരിപാടി സംഘടിപ്പിക്കുന്ന കമ്പനിയായ ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.
ഈ വര്‍ഷത്തെ മേളയില്‍ പുതിയ പവലിയനുകള്‍, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കളുടെയും ഭക്ഷണങ്ങളുടെയും പ്രദര്‍ശനങ്ങള്‍, വിപുലീകരിച്ച പാചക മേഖല, കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവയുണ്ടാകും.
ഇ.ഡബ്ല്യു.ബിയിലെ 2, 3, 5, 6 എന്നീ ഹാളുകളില്‍ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെ പരിപാടി നടക്കും. പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.


