പ്യോംങ്യാംഗ്: കടലിൽ വെച്ച് നിരോധിത വിദേശ റേഡിയോ പരിപാടി കേട്ട ഫിഷിങ് ബോട്ട് ക്യാപ്റ്റനെ ഉത്തരകൊറിയ പൊതുജനമധ്യത്തിൽ വധശിക്ഷയ്ക്ക് വിധേയമാക്കി. 15 വർഷത്തിലേറെയായി വിദേശ റേഡിയോയുടെ പ്രക്ഷേപണം ശ്രദ്ധിച്ചിരുന്നുവെന്ന് സമ്മതിച്ചതിനെത്തുടർന്നാണ് നാവികനെ വധിച്ചത്. ഒക്ടോബറിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവന്നത്. നാൽപത് വയസ് പ്രായമുള്ള ഇയാൾ കടലിൽ പോകുമ്പോൾ വിദേശ എയർവേവ് എടുത്ത് വാർത്താ പ്രക്ഷേപണവും റേഡിയോ പരിപാടികളും കേൾക്കാറുണ്ടെന്നായിരുന്നു റിപ്പോർട്ട്.
ചോയി എന്നറിയപ്പെടുന്ന ഈ ബോട്ട് ക്യാപ്റ്റനെ മറ്റ് 100 മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽവെച്ച് ഉത്തരകൊറിയൻ ഫയറിംഗ് സ്ക്വാഡ് വധിച്ചത്. 50 ഓളം കപ്പലുകളുടെ ഉടമയായിരുന്ന ചോയി തുറമുഖ നഗരമായ ചോങ്ജിനിൽവെച്ചാണ് പിടിയിലായത്. ഇയാളുടെ ഒരു ജീവനക്കാരൻ തന്നെയാണ് ഇക്കാര്യം അധികൃതർക്ക് ചോർത്തി നൽകിയത്. തുടർന്ന് ഫയറിങ് സ്ക്വാഡ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി പറയപ്പെടുന്നു.