തിരുവനന്തപുരം: യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ച് വിവാഹം മുടക്കിയ കേസിൽ വെള്ളനാട് സ്വദേശി അറസ്റ്റിൽ. കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടിൽ എസ് വിജിനെയാണ് (22) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.
നാല് വർഷമായി പ്രതി യുവതിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതിനെത്തുടർന്ന് മറ്റൊരാളുമായി വീട്ടുകാർ യുവതിയുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് പകർത്തിയ ചിത്രങ്ങളാണ് മോർഫ് ചെയ്ത് യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ചെറുപ്പക്കാരന്റെ വാട്സ്ആപ്പിലേയ്ക്ക് അയച്ചുകൊടുത്തത്.
പ്രതിശ്രുത വരന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ചിത്രങ്ങൾ കാണിച്ചുകൊടുത്തു. ഇതോടെ യുവാവും വീട്ടുകാരും ബന്ധത്തിൽ നിന്ന് പിന്മാറി.തുടർന്ന് ഐ ടി നിയമമനുസരിച്ച് വിജിനെതിരെ കേസെടുത്ത് നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്. യുവതിയുടെ വിവാഹം മുടക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. വിളപ്പില്‍ശാല ഇന്‍സ്പെക്ടര്‍ എന്‍ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.