
തിരുവനന്തപുരം: മകനെതിരായ സിപിഎമ്മിലെ പരാതി ചോർച്ച വിവാദങ്ങളിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കത്തിന്റെ പകർപ്പ് എല്ലാവരുടെയും പക്കൽ ഉണ്ടല്ലോ എന്ന് മാത്രം പറഞ്ഞ ഗോവിന്ദൻ, ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. മറ്റ് കാര്യങ്ങൾ പിന്നെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയതായിരുന്നു എംവി ഗോവിന്ദൻ.
പാർട്ടി സെക്രട്ടറി വ്യക്തത വരുത്തുമെന്ന് വി ശിവൻകുട്ടി
സിപിഎമ്മിന് നൽകിയ പരാതിക്കത്ത് ചോർന്നതിൽ പാർട്ടി വ്യക്തത വരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഇത് സിപിഎമ്മിനെതിരെ നടക്കുന്ന പ്രചരണം മാത്രമാണ്. സിപിഎം വിരോധമുള്ളതിനാൽ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രചരണം നടത്തുന്നു. വിഷയത്തിൽ അധികാരികമായ മറുപടി പാർട്ടി സെക്രട്ടറി പറയും. ഇത്തരം ആരോപണം കൊണ്ട് പാർട്ടിയെ ക്ഷീണപ്പെടുത്താൽ കഴിയില്ല. കത്ത് ചോർന്നതിൽ പ്രശ്നം ഉണ്ടെങ്കിൽ പോളിറ്റ്ബ്യൂറോ പ്രതികരിക്കും. സംസ്ഥാന കമ്മിറ്റിയിൽ ഈ കത്ത് ചർച്ചയ്ക്ക് വന്നിട്ടില്ല. അവതാരങ്ങൾ എന്ന് പറഞ്ഞു നടക്കുന്നവർക്ക് പാർട്ടിയിൽ സ്വാധീനം ഉണ്ടാകില്ലെന്നും അവതാരങ്ങൾ ഒന്നും പാർട്ടി പരിപാടികൾ സ്വാധീനിക്കില്ലെന്നും കൂട്ടിച്ചേർത്തു.
സിപിഎമ്മിന് തലവേദനയായി കത്ത് വിവാദം
സിപിഎം പാർട്ടി നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതിയാണ് ചോർന്നത്. കത്ത് ചോർച്ചക്ക് പിന്നിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നൽകി. മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പുറത്താക്കിയത് ഷെർഷാദിന്റെ പരാതിയിലായിരുന്നു.
നേതാക്കൾക്കെതിരായ അതിഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പിബിക്ക് ലഭിച്ച പരാതിയാണ് ചോര്ന്നത്. പരാതി ചോർന്നതിലും അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ മാനനഷ്ടക്കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് ഷെർഷാദിന്റെ പരാതി ദില്ലി ഹൈക്കോടതിയിൽ ഹാജരാക്കുന്നത്. രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാർട്ടിനേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.
