കൊട്ടാരക്കയിൽ അദ്ധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയിൽ പ്രതിഷേധം കനക്കുകയാണ്. കൊല്ലപ്പെട്ട വന്ദന ദാസ് ഹൗസ് സർജനാണെന്നും അത്ര എക്സ്പീരിയൻസ്ഡ് അല്ലെന്നും അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണമുണ്ടായപ്പോൾ ഭയന്നിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ കടുത്ത വിമർശനമാണ് സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും ഉയരുന്നത്. എന്നാൽ തന്റെ വാക്കുകൾ മാദ്ധ്യമങ്ങളും പ്രതിപക്ഷവും വളച്ചൊടിക്കുകയാണെന്നുമായിരുന്നു വീണയുടെ പ്രതികരണം.
എന്നാൽ സ്വന്തം പ്രസ്താവനയെ ന്യായീകരിക്കാൻ ശ്രമിച്ചതുകൊണ്ടുള്ള അപക്വതയും അസ്വീകാര്യതയും വീണാ ജോർജിന് ബോധ്യപ്പെടുന്നില്ല എന്നത് മന്ത്രിയുടെ പരാജയമല്ല, ഞങ്ങളുടേതാണ് എന്ന് സമ്മതിക്കുന്നുവെന്ന പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. സംസാരിക്കുമ്പോൾ കൊല്ലപ്പെട്ട ഡോക്ടറുടെ എക്സ്പീരിയൻസ് പരാമർശിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരുന്ന ഒരു ഡോക്ടർ ആയിരുന്നെങ്കിൽ ആ സാഹചര്യത്തിൽ എന്ത് ചെയ്യുമായിരുന്നു? പത്തുകൊല്ലം എക്സ്പീരിയൻസ് ആകുമ്പോൾ കരാട്ടെയും ഇരുപത് കൊല്ലം എക്സ്പീരിയൻസ് ആകുമ്പോൾ കളരിയും ഒന്നും ഡോക്ടർമാരെ പഠിപ്പിക്കുന്നില്ലല്ലോ! എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ആ ഡോക്ടർ ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്ന അഭിപ്രായത്തിന്റെ അർത്ഥമെന്താണ് എന്നും ശ്രീജിത്ത് ചോദിക്കുന്നു.