ഇന്ത്യാ ഗവൺമെന്റ് നിരവധി പ്രധാനപ്പെട്ട രക്ഷാ പ്രവർത്തനങ്ങൾ 90 കൾക്ക് മുൻപും നടത്തിയിട്ടുണ്ട്. എന്നാൽ തൊണ്ണൂറുകള്‍ക്കു ശേഷം ഓർമ്മിക്കപ്പെടുന്ന ചില ഒഴിപ്പിക്കൽ രക്ഷാ ദൗത്യങ്ങൾ ഇവയാണ്.
കുവൈറ്റ് എയർലിഫ്റ്റ് 1990
ഇറാഖി സൈനികർ കുവൈറ്റ് അധിനിവേശം നടത്തിയപ്പോൾ ഏകദേശം 2 ലക്ഷത്തോളം ഇന്ത്യക്കാരാണ് അവിടെ ഒറ്റപ്പെട്ടത്. രക്ഷപെടാൻ ഒരു മാർഗ്ഗവും ഇല്ലാതെ നിസ്സഹായരായ ഇന്ത്യക്കാരായ കുവൈറ്റി പ്രവാസികളെ ഇന്ത്യൻ ഗവൺമെന്റ് രണ്ടു മാസത്തിനുള്ളിൽ അവിടെനിന്നും രക്ഷാദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ചു. ഇതോടെ എയർ ഇന്ത്യ എക്കാലത്തെയും വലിയ എയർ ഇവാക്വേഷൻ ദൗത്യം നടത്തി ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിക്കയും ചെയ്തു.
ഓപ്പറേഷൻ രാഹത്ത് 2015
2015ലാണ് ഓപ്പറേഷൻ റാഹത്ത് നടത്തിയത്. യമനിൽ യെമൻ സർക്കാരും ഹൂതി വിമതരും ഏറ്റുമുട്ടിയപ്പോൾ. അന്ന് സംഘർഷങ്ങൾക്കിടെ യെമനിൽ നിന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരെയും നൂറുകണക്കിന് വിദേശ പൗരന്മാരെയും ഭാരത സർക്കാർ രക്ഷപ്പെടുത്തി. കൃത്യമായി പറഞ്ഞാൽ യെമനിൽ നിന്ന് 4,640 ഇന്ത്യൻ പൗരന്മാരെയും 41 രാജ്യങ്ങളിൽ നിന്നുള്ള 960 വിദേശ പൗരന്മാരെയും ഒഴിപ്പിച്ചു എന്നാണ് കണക്ക്. ഏദൻ തുറമുഖത്ത് നിന്ന് 2015 ഏപ്രിൽ 1-ന് കടൽ വഴിയായുള്ള രക്ഷാ ദൗത്യത്തിനും ഇന്ത്യ നേതൃത്വം നൽകി.
ഓപ്പറേഷൻ മൈത്രി 2015
2015 ഏപ്രിലിലെ നേപ്പാൾ ഭൂകമ്പം അതിനെ തുടർന്ന് ഇന്ത്യൻ സർക്കാരും ഇന്ത്യൻ സായുധ സേനയും നേപ്പാളിൽ നടത്തിയ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവുമാണ് ഓപ്പറേഷൻ മൈത്രി. നേപ്പാളിന്റെ അയൽരാജ്യമെന്ന നിലയിൽ, “ഭൂകമ്പമുണ്ടായി ആറ് മുതൽ ഏഴ് മണിക്കൂറിനുള്ളിൽ” ദുരിതാശ്വാസം നൽകി പ്രതിസന്ധിയോട് ആദ്യം പ്രതികരിച്ചത് ഇന്ത്യയാണ്. ഇവിടെ രണ്ടു കാര്യമായിരുന്നു ഗവൺമെന്റിന് മുന്‍പിലുണ്ടായിരുന്നത്. ഇന്ത്യൻ പൗരന്മാരെ അവിടെ നിന്നും രക്ഷപ്പെടുത്തുക . നേപ്പാളിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക. ഇവ രണ്ടിലും ഏറ്റവും മികച്ച പ്രവർത്തനം ഇന്ത്യ കാഴ്ച വച്ചു.
വന്ദേ ഭാരത് മിഷൻ 2020
സമീപകാല ചരിത്രത്തിലെ ഏതൊരു രാജ്യവും നടത്തിയ ഏറ്റവും വലിയ സിവിലിയൻ ഒഴിപ്പിക്കൽ രക്ഷാ ദൗത്യങ്ങളിൽ ഒന്നായാണ് വന്ദേ ഭാരത് മിഷൻ കണക്കാക്കപ്പെടുന്നത്. പാൻഡെമിക് സമയത്ത്, ഇന്ത്യയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങൾക്കുമിടയിൽ യാത്രക്കാരുടെ യാത്ര ഈ ദൗത്യം സുഗമമാക്കി.
ഓപ്പറേഷൻ ഗംഗ 2022
2022 ലെ റഷ്യയുടെ ഉക്രെയിൻ അധിനിവേശത്തിനെ തുടർന്ന് നിന്ന് ഇന്ത്യൻ പൗരന്മാരെ അവിടെ നിന്നും ഒഴിപ്പിച്ചു രാജ്യത്തെത്തിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് നടത്തിവരുന്ന ഒരു പ്രവർത്തനമാണ് ഓപ്പറേഷൻ ഗംഗ. ഏകദേശം 20,000 ഇന്ത്യൻ പൗരന്മാർ നിലവിൽ ഉക്രെയ്നിലുണ്ട്, അവരെ പല ഘട്ടങ്ങളിലായി ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കുന്നു.
നിലവിൽ, ഉക്രെയ്നിൽ നിന്ന് 9 വിമാനങ്ങളാണ് ദൗത്യം പൂർത്തീകരിച്ച് ഇന്ത്യയിലെത്തിയത്.
റിപ്പോർട്ട്: അജു വാരിക്കാട്