മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ നടത്തിയ പെയിന്റിംഗ് കോമ്പറ്റിഷൻ ശ്രദ്ധേയമായി. ഡിസംബർ 1 നു ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ ക്യാമ്പസ്സിൽ 600 ൽ പരം രജിസ്ട്രേഷനുകളിൽ കുട്ടികൾ മാറ്റുരച്ച മത്സരം നിറങ്ങൾ കൊണ്ട് മായാജാലം തീർത്തു. മത്സരാർത്ഥികൾ അവരുടെ ഭാവനയെ അമൂല്യ സൃഷ്ടികളാക്കി മാറ്റി.
സബ്ജൂനിയർ വിഭാഗത്തിൽ നിള ബിമീഷ്, ഗിസല്ല ഗോഡ് വിൻ, റുമൈസ എന്നിവരും ജൂനിയർ വിഭാഗത്തിൽ അമേയ സുനീഷ്, എലീന പ്രസന്ന, ഒൻഡ്രില്ല ഡെയ് സീനിയർ വിഭാഗത്തിൽ ശില്പ സന്തോഷ്, മധുമിത നടരാജൻ, ശ്രീ ഭവാനി വിവേക് എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മുഖ്യാഥിതിയായ സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി രഘുനാഥ് സ്വാഗതവും പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ അധ്യക്ഷതയും വഹിച്ചു.
ഇടപ്പാളയം രക്ഷാധികാരിയും പ്രോഗ്രാം ചീഫ് കോർഡിനേറ്ററുമായ പാർവതി ദേവദാസ്, ഇടപ്പാളയം രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗവുമായ രാജേഷ് നമ്പ്യാർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ചടങ്ങിന് ട്രെഷറർ: രാമചന്ദ്രൻ പോട്ടൂർ നന്ദിയും പറഞ്ഞു. മത്സരാർഥികൾ ഒന്നിനൊന്നു മികച്ച പ്രകടനം നടത്തിയത് വിധി നിർണയം ദുഷ്കരമായെന്നു വിധികർത്താക്കളായ ജീന നിയാസ്, ദീപക്, നിജു എന്നിവർ അഭിപ്രായപെട്ടു.
ചടങ്ങിൽ വച്ചു ഇടപ്പാളയം കേരളപ്പിറവി ഫോട്ടോ കോണ്ടെസ്റ്റ് വിജയി ഹെൻസ അയറിനുള്ള സമ്മാനവും വിതരണം ചെയ്തു. 3 മണി മുതൽ 6 മണി വരെ ബഹ്റൈനിലെ യുവകലാ പ്രതിഭകൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ കൊണ്ടും സംഗീത വിസ്മയം കൊണ്ടും പരിപാടി ആകർഷണീയമായി. സിതാർ മ്യൂസിക് ട്രൂപ്പ് അവതരിപ്പിച്ച ഗാനമേള, ടീം ഓറ, ടീം ഡൈനാമിക്, അഡോർ സ്റ്റെപ്പ് ബഹ്റൈൻ, സകല ആർട്ട് ആൻഡ് എഡ്യൂക്കേഷൻ, ഇടപ്പാളയം കിഡ്സ്, എന്നീ ടീമുകളെ കൂടാതെ സഫ്ന സുനിൽ, ഫയി സുനിൽ, ഫർഹ സുനിൽ
അവതരിപ്പിച്ച ഡാൻസും ഒന്നിനൊന്നു മികച്ചതായിരുന്നുവെന്ന് കാണികൾ അവകാശപ്പെട്ടു. ഈ വർഷത്തെ മത്സരത്തിന്റെ വർണ്ണ വിസ്മയങ്ങൾ മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം നൽകുന്നുവെന്നു കൊച്ചു കലാകാരൻമാർ അഭിപ്രായപ്പെട്ടു.