തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനുണ്ടായത്.
തീരുമാനം പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇ.പി. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ നടപടി പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വമായിരിക്കുമെന്ന് അറിയുന്നു.
ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി. സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് നടപടിലേക്ക് നയിച്ചത്.
സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ.പി. രാജിസന്നദ്ധത നേതൃത്വത്തെ അറിയിച്ചിരിന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം.
ഇ.പി. സ്വയം ഒഴിഞ്ഞെന്നോ അതോ പാര്‍ട്ടി ഒഴിവാക്കിയതാണെന്നോ ഔദ്യോഗികമായി പാര്‍ട്ടി വിശദീകരിക്കുക എന്ന കാര്യം വ്യക്തമല്ല. കടുത്ത വിമര്‍ശനത്തില്‍ ക്ഷുഭിതനായ ഇ.പി. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ കണ്ണൂരിലേക്ക് മടങ്ങി. അതോടെ ഇന്ന് രാവിലെ തന്നെ ഇ.പി. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്ത പ്രചരിച്ചുതുടങ്ങി. രാവിലെ 10 മണിയോടെ കണ്ണൂരിലെ വസതിയിലെത്തിയ ഇ.പി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.
ഇ.പിക്ക് പകരം മുതിര്‍ന്ന നേതാക്കളും മുന്‍മന്ത്രിമാരുമായ എ.കെ ബാലന്റെയും ടി.പി രാമകൃഷ്ണന്റെയും പേരുകളാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണനയില്‍.
പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന്റെ തൊട്ടുതലേന്നാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകുന്നത്. സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ പാര്‍ട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം കഴിയുന്നതുവരെ നടപടികളുണ്ടാകാറില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രതികരണമുണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയനേതാവ് പ്രകാശ് ജാവദേക്കറെ താന്‍ കണ്ടുവെന്നാണ് ജയരാജന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സി.പി.എമ്മില്‍ ഉയര്‍ന്നത്.